നിവിന്‍ പോളിയുടെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാലുമുണ്ട്. താരം സിനിമയിലുള്ള കാര്യം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സ്ഥിതികരിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം 20 മിനുറ്റോളം ഉണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. ആദ്യമായിട്ടല്ല അതിഥി വേഷങ്ങളിലൂടെ മോഹന്‍ലാല്‍ സിനിമയിലഭിനയിക്കുന്നത്. കമലിന്റെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു പെരുവണ്ണപുരത്തെ വിശേഷങ്ങള്‍. ജയറാം, പാര്‍വതി, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. മഞ്ജു വാര്യരും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച സമ്മര്‍ ഇന്‍ ബെത്‌ലേഹേമിന്റെ ക്ലൈമാക്‌സിസില്‍ ആരും ലാലേട്ടനെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മമ്മൂട്ടി മീശയില്ലാതെ അഭിനയിച്ച സിനിമയായിരുന്നു കടല്‍ കടന്നൊരു മാത്തുക്കുട്ടി. ചിത്രത്തിലും അതിഥി വേഷത്തിലെത്തി മോഹന്‍ലാല്‍ ഞെട്ടിച്ചിരുന്നു.